ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ മാരിമുത്തുവിന്റെ മകൻ രംഗസ്വാമി (ദുരൈ-30) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ രംഗസ്വാമി വീട്ടിൽ വഴക്കുണ്ടാക്കിയതിനെ തുടർന്ന് സഹോദരൻ മഹേന്ദ്രൻ (23) കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.മദ്യപിച്ചെത്തി വീടിനു സമീപം വീണപ്പോൾ എന്തോ കുത്തിയതാണെന്ന് പറഞ്ഞാണ് മഹേന്ദ്രനും ബന്ധുക്കളും ചേർന്ന് നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും രംഗസ്വാമിയെ എത്തിച്ചത്. തൃശൂരിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ച മൂന്നിനാണ് മരിച്ചത്.
മൃതദേഹം കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കരിച്ചു. ചിറ്റൂർ ഡിവൈ.എസ്.പി ടി.കെ. ഷാജു, കൊഴിഞ്ഞാമ്പാറ സി.ഐ വി. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതിൽനിന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു. മരിച്ച രംഗസ്വാമി അവിവാഹിതനാണ്. മാതാവ്: രാജാമണി. മറ്റു സഹോദരങ്ങൾ: അർജുനൻ, മഹേശ്വരി.