കുമ്പള: ആരിക്കാടി സ്വദേശിനി മടിക്കേരിയിൽ കാറിടിച്ച് മരിച്ചു. ആരിക്കാടി ചെറിയ പള്ളിക്ക് സമീപം താമസിച്ചുവരുന്ന അബൂബക്കർ സിദ്ദീഖിന്റെ ഭാര്യ റാബിയ (45) ആണ് മരിച്ചത്. ഭർത്താവ് അബൂബക്കർ സിദ്ദീഖ്, റാബിയയുടെ സഹോദരി ഖൈറുന്നിസ എന്നിവരെ പരിക്കുകളോടെ മടിക്കേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മടിക്കേരി സുണ്ടിക്കൊപ്പയിലാണ് അപകടം. റാബിയ 2015ൽ കുമ്പള പഞ്ചായത്ത് ഒന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിൽ നിന്നും മത്സരിച്ചിരുന്നു. നിലവിൽ കുടുംബശ്രീ കുമ്പോൽ സി.ഡി.എസ് മെംബറായി സേവനം ചെയ്തുവരുന്നു. മികച്ച കുടുംബശ്രീ പ്രവർത്തകയായിരുന്നു.
മടിക്കേരിയിൽ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ കുടുംബസമേതം ഞായറാഴ്ച രാവിലെ പോയതായിരുന്നു. റോഡരികിൽ സംസാരിച്ചുകൊണ്ടിരിക്കെ എതിരെ വന്ന വാഹനം ഇടിച്ചാണ് മരണപ്പെട്ടത്. മയ്യിത്ത് ഇപ്പോൾ മടിക്കേരി ഗവ. ഹോസ്പിറ്റലിലാണുള്ളത്. അവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം നാട്ടിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.