പട്ടാമ്പി: വിനോദയാത്ര കഴിഞ്ഞുമടങ്ങുമ്പോൾ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കൈപ്പുറം പുഴക്കൽ അനീസിന്റെ മകൻ മുഹമ്മദ് അഫ്രീദാണ് (19) ചൊവ്വാഴ്ച പുലർച്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ച പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊള്ളാച്ചി റോഡിലായിരുന്നു അപകടം. സുഹൃത്തിനൊപ്പം കൊടൈക്കനാലിലേക്ക് ടൂർ പോയി ബൈക്കിൽ തിരിച്ചുവരുമ്പോൾ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന കൊടുമുടി സ്വദേശി ഷബീറിനും പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ അഫ്രീദ് ബൈക്കിൽനിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. അങ്കമാലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫ്രീദിനെ ഞായറാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മികച്ച ഫുട്ബാൾ താരമായിരുന്നു അഫ്രീദ്. മാതാവ്: സെലീന. സഹോദരങ്ങൾ: മുഹമ്മദ് അഫ്ലാൻ, അൻസില. പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിച്ച മൃതദേഹം കൈപ്പുറം മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി.