huകടലുണ്ടി: നെഞ്ചുവേദനയെതുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന മധ്യവയസ്കന് റെയിൽവേ ഗേറ്റ് അടച്ചതുകാരണം പെട്ടെന്ന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി. കടലുണ്ടി നഗരം മരക്കാര പുരക്കൽ ഹുസൈനാണ് (55) ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്. കടലുണ്ടിക്കടവിൽ വാടകക്ക് താമസിക്കുകയാണ് മത്സ്യത്തൊഴിലാളിയായ ഹുസൈന്റെ കുടുംബം. നെഞ്ചുവേദനയെതുടർന്ന് ടി.എം.എച്ച് ഹോസ്പിറ്റലിലേക്ക് ഓട്ടോയിൽ കൊണ്ടുപോകുകയായിരുന്നു. ലെവൽ ക്രോസിനടുത്ത് എത്തിയപ്പോൾ ഗേറ്റ് അടച്ചു. മിനിറ്റുകൾ കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാതെവന്നപ്പോൾ ഗേറ്റിന്റെ എതിർഭാഗത്തുനിന്ന് മറ്റൊരു ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ഭാര്യ: ഷഹർബാൻ. മക്കൾ: ഷഹാന, ഷർബിന, ഷർബാസ്. മരുമക്കൾ: ഹാരിസ്, നൂർഷാദ്.