പുൽപള്ളി: മലയാളി ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. കുടകിൽ കർഷകനായ പുൽപള്ളി സ്വദേശി നടക്കുഴക്കൽ ജോസ് (77) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജോസ് ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു മരണം. കഴിഞ്ഞ മാർച്ച് 17നാണ് കുടക് ജില്ലയിലെ സോമവാർപേട്ട അബുൻ ഗട്ടിയിൽ ജോസിന്റെ വീട്ടിൽ കയറി മലയാളികളായ 12 അംഗ ക്വട്ടേഷൻ സംഘം ആക്രമിച്ചത്.
ആക്രമണത്തിൽ ജോസിന്റെ മകൻ സാബുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. വീട്ടിൽ നിന്നും ഇവരെ തട്ടിക്കൊണ്ടുപോയ സംഘം പാതിരാത്രിയിൽ കർണാടകയിലെ കുട്ടത്തിനടുത്ത് ശ്രീമംഗളയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഘത്തിലെ നാലുപേർ അന്നുതന്നെ കർണാടക പൊലീസിന്റെ പിടിയിലായിരുന്നു. മൂന്നു പേരെ പുൽപള്ളി പൊലീസ് പിന്നീട് പിടികൂടിയിരുന്നു. ജോസിന്റെ കൃഷിയിടം സംബന്ധിച്ച തർക്കമാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് പൊലീസ് പറയുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മാരപ്പൻമൂല (പയസ് നഗർ) സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മൂഴിമല കാഞ്ഞിരത്തും മൂട്ടിൽ കുടുംബാംഗം അന്നമ്മ. മക്കൾ: സാബു ജോസ്, സന്തോഷ് ജോസ്. മരുമകൾ: ചിഞ്ചു.