ചാലിയം: മത്സ്യബന്ധനത്തിനിടെ കടലിലേക്ക് വീണ തൊഴിലാളി മരിച്ചു. ചാലിയം പടിഞ്ഞാറെതൊടി ആലിയുടെ മകൻ അഷ്റഫ് എന്ന കോയ (50) ആണ് ഞായറാഴ്ച രാവിലെ അഞ്ചു മണിക്ക് കടലിൽ വീണു മരിച്ചത്. മൊയ്നുദ്ദീന്റെ ഉടമസ്ഥതയിലുള്ള വളളത്തിൽ ഖാദർ, റാസിഖ് എന്നിവരോടൊപ്പം മത്സ്യബന്ധനത്തിനു പോയതായിരുന്നു. കരയിൽ നിന്ന് ഏതാണ്ട് രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തിൽ മത്സ്യബന്ധനത്തിലേർപ്പെട്ടുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ കാറ്റിലും തിരമാലയിലും വള്ളത്തിന്റെ നിയന്ത്രണംതെറ്റി അഷ്റഫ് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. ഉടൻ തന്നെ വള്ളത്തിലേക്ക് കയറ്റി കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലൈല. മക്കൾ: മുഹമ്മദ് അസ്ലം, മുഹമ്മദ് അജ്മൽ, ആജിഷ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ചാലിയം സിദ്ദീഖ് പള്ളിയിൽ.