പെരിന്തൽമണ്ണ: അമ്മിനിക്കാട് സ്കൂള്‍പടിയില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറിയിലെ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട് ദിണ്ടിഗല്‍ സ്വാമിയാര്പട്ടി നോര്‍ത്ത് സ്ട്രീറ്റില്‍ വെള്ളൈസ്വാമിയുടെ മകന് ശക്തിവേല്‍ (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.15നാണ് സംഭവം. നിയന്ത്രണംവിട്ട് റോഡിന്റെ മറുവശത്തെത്തിയ ലോറി മരത്തിലിടിച്ചാണ് നിന്നത്. സംഭവം കണ്ട് ആളുകൾ ഓടിക്കൂടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ശക്തിവേൽ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. പാലക്കാട് ഭാഗത്തുനിന്ന് മലപ്പുറം ഭാഗത്തേക്ക് വരുകയായിരുന്നു ലോറി. വാഹനം ഇടിച്ചുള്ള പരിക്കല്ല മരണ കാരണം എന്നാണ് പൊലീസ് നിഗമനം. അമ്മിനിക്കാട് സ്കൂൾപടിയിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ കണ്ടെയ്നർ ലോറി സാവകാശം നീങ്ങുന്നതും 100 മീറ്ററിലേറെ മുന്നോട്ട് പോയി മരത്തിൽ ഇടിച്ചുനിൽക്കുന്നതും വ്യക്തമാണ്. വൈകീട്ട് ആറോടെ ബന്ധുക്കൾ എത്തിയശേഷം പൊലീസ് നടപടികൾ പൂർത്തിയാക്കി.