ശ്രീകണ്ഠപുരം: മഴ കാരണം ലോറിയിൽ പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചു കെട്ടുന്നതിനിടെ അബദ്ധത്തിൽ താഴെ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. കോഴിക്കോട് ഓമശ്ശേരി കല്ലുരിട്ടിയിലെ ഇരുമ്പിടിക്കണ്ടി നിസാറുദ്ദീനാണ് (47) മരിച്ചത്. തിങ്കളാഴ്ച രാത്രി ശ്രീകണ്ഠപുരം കോട്ടൂരിലായിരുന്നു സംഭവം.
ലോറിയിൽ കോഴിക്കോട് നിന്ന് സാധനങ്ങളുമായി മാഹിയിലെത്തി അവിടെ ഇറക്കിയ ശേഷം ശ്രീകണ്ഠപുരത്തേക്കുവന്ന് കിടക്കകൾ കയറ്റി മടങ്ങവെയാണ് ദുരന്തം. പെട്ടെന്ന് മഴ വന്നതിനാൽ കിടക്കകൾ നനയാതിരിക്കാനായി നിസാറുദ്ദീൻ ലോറിക്ക് പിന്നിൽ കയറി പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ച് കെട്ടുകയായിരുന്നു. ഈ സമയം കാൽ തെന്നി താഴെ റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീകണ്ഠപുരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഭാര്യ: ഷബ്ന. മകൻ: നാസിം.