ചെറുകുന്ന് (കണ്ണൂർ): പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ പാർസൽ വാനും ലോറിയും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു. എറണാകുളം കാലടി സ്വദേശി പാർസൽ വാൻ ഡ്രൈവർ പാറെലി വീട്ടിൽ അൻസാറാണ് (34) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.15ഓടെ ചെറുകുന്ന് പള്ളിച്ചാലിനും കൊവ്വപ്പുറത്തിനും മധ്യഭാഗത്തെ വളവിന് സമീപത്തായിരുന്നു അപകടം.
കൊറിയർ സാധനങ്ങൾ കാസർകോട് എത്തിച്ച് എറണാകുളത്തേക്ക് തിരിച്ചുപോകുകയായിരുന്ന പാർസൽ വാനും മാതമംഗലത്തേക്ക് ചെങ്കല്ല് എടുക്കാൻ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയേറ്റ് വാനിന്റെ മുൻഭാഗം തകർന്നു. ഇടയിൽ കുടുങ്ങിയ ഡ്രൈവറെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. പരേതനായ ഹസൈനാറിന്റെയും ജമീലയുടെയും മകനാണ്. ഭാര്യ: റമീന. മക്കൾ: ദിയ ഫാത്തിമ, മുഹമ്മദ് സൈൻ, റിയ.