മഞ്ചേരി: കാരാപറമ്പ് ഞാവലിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ബന്ധുക്കളായ നാലുപേർക്ക് പരിക്കേറ്റു. ചെങ്ങര തടത്തിൽ മൂലക്കുടവൻ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ ഹംദാനാണ് (12) മരിച്ചത്. ലത്തീഫിന്റെ സഹോദരി ഹസീന ബാനു (40), മക്കളായ ഹസീം അമൽ (21), ഹാമിസ് മുഹമ്മദ് (14), ഹിസ (10) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. പാണ്ടിക്കാട്ടുനിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽനിന്ന് വരുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച പാണ്ടിക്കാടുള്ള പിതാവിന്റെ സഹോദരി ഹസീന ബാനുവിന്റെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു ഹംദാൻ. നാളെ സ്കൂൾ തുറക്കാനിരിക്കെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഹസീനയാണ് കാർ ഓടിച്ചിരുന്നത്. ശക്തമായ മഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം. നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹംദാന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സാരമായി പരിക്കേറ്റ ഹാസിം അമൽ, ഹാമിസ് മുഹമ്മദ് എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീന ബാനുവിനെയും ഹിസയെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹംദാൻ മഞ്ചേരി ഗവ. ടെക്നിക്കൽ സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയിരുന്നു.
മാതാവ്: സഫിയ (അധ്യാപിക എ.എം.എൽ.പി സ്കൂൾ ഇളയൂർ). സഹോദരങ്ങൾ: ബാസിൽ, റംസി, ദാനിയ.
ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് ചെങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.