മെഡി. കോളജിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി
മാനന്തവാടി: വയനാട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ യുവതി മരിച്ചു. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് മരിച്ചതെന്ന് ബന്ധുക്കളുടെ പരാതി. വെള്ളമുണ്ട എടത്തിൽ കോളനിയിലെ സുരേഷിന്റെ ഭാര്യ സിന്ധു (23) ആണ് മരിച്ചത്. അരിവാൾ രോഗിയായ സിന്ധുവിനെ കാൽമുട്ടുവേദനയെ തുടർന്നാണ് ശനിയാഴ്ച രാവിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ സിന്ധുവിന്റെ അമ്മ ഗീത ഡ്യൂട്ടി നഴ്സുമാരോട് കാര്യം പറഞ്ഞെങ്കിലും അവർ തട്ടിക്കയറുകയാണ് ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഡോക്ടറെ വിളിച്ചില്ലെന്നും അവർ പരാതിപ്പെടുന്നു. പിന്നീട് അവശതയിലായതിനെത്തുടർന്നാണ് ഡോക്ടർ എത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ച ശേഷം ഐ.സി.യുവിലേക്ക് കൊണ്ടുപോയെന്നും മാതാവ് ഗീത പറഞ്ഞു. ഉച്ച കഴിയുന്നതുവരെ സിന്ധുവിന് വലിയ അവശതകൾ ഉണ്ടായിരുന്നില്ല.
രാത്രിയോടെ അവശത അനുഭവപ്പെട്ടപ്പോഴാണ് ഡോക്ടറെ വിളിക്കാൻ നഴ്സുമാരോട് പറഞ്ഞത്. എന്നാൽ, മരുന്നല്ല ഭക്ഷണമാണ് വേണ്ടതെന്ന് പറഞ്ഞ് നഴ്സുമാർ ഭക്ഷണപ്പാത്രം സിന്ധുവിന്റെ മടിയിൽ വെച്ചുകൊടുത്തുവെന്നും ഇവർ പറഞ്ഞു. രാത്രി ഒമ്പത് മണിയോടെയാണ് സിന്ധു മരിച്ചത്. മരണത്തിനുശേഷം നഴ്സുമാരെ ആശുപത്രിയിൽനിന്ന് കാണാതായെന്നും ബന്ധുക്കൾ പറയുന്നു.