മാവൂർ: ചാലിയാറിൽ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പുഴയിൽ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മാവൂരിൽ വാടകക്ക് താമസിക്കുന്ന കോവൂർ ചാക്കിണ്ടാരി അബ്ദുൽ ജലീലിന്റെ (51) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റഗുലേറ്ററിന് താഴെ പാറക്കെട്ടിന് സമീപം കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ടാണ് ഇയാളെ പുഴയിൽ കാണാതായത്. മത്സ്യം പിടിക്കാൻ എത്തിയവർക്ക് പുഴയോരത്തുനിന്ന് പണമടങ്ങിയ പഴ്സും എഴുത്തും ചെരുപ്പും മൊബൈൽ ഫോണും കിട്ടിയതോടെ പുഴയിൽ പൊലീസും അഗ്നിരക്ഷ സേനയും താലൂക്ക് ദുരന്ത നിവാരണ സേന വളന്റിയർമാരും തിരച്ചിൽ തുടങ്ങിയിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: ഹന്ന, അനസ്. മരുമകൻ: ജംഷി. പിതാവ്: പരേതനായ അബ്ദുറഹിമാൻ. മാതാവ്: ആമിന.