തലശ്ശേരി: എരഞ്ഞോളി പാലത്തിന് സമീപത്തെ ആഫ്റ്റർ കെയർ ഹോമിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ വെൽഡർ കോഴ്സിന് പഠിക്കുന്ന പ്രവീൺ കുമാറി (19)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തമിഴ്നാട് കരൂർ സായിബാബ നഗറിലെ പാണ്ഡ്യരാജന്റെ മകനാണ്. ഒരു വർഷം മുമ്പാണ് തൃശൂർ ആഫ്റ്റർ കെയർ ഹോമിൽനിന്ന് തലശ്ശേരിയിലെത്തിയത്.
സംഭവത്തിന് മുമ്പ് വിദ്യാർഥികൾ തമ്മിൽ ഇവിടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തലശ്ശേരി പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ തലശ്ശേരിയിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോകും. മകന്റെ മരണം സംബന്ധിച്ച് അമ്മ മീനാക്ഷി തലശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.