കൂത്തുപറമ്പ്: പാട്യത്തിനടുത്ത് പുതിയ തെരുവിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മാനന്തേരി പന്ത്രണ്ടാം മൈൽ പഴയ പറമ്പത്ത് ഹൗസിൽ മുഹമ്മദ് തമീം (18) ആണ് മരിച്ചത്. ബൈക്കിൽ യാത്രചെയ്തിരുന്ന മാനന്തേരി ഞാലിലെ മുഹമ്മദ്ഷാനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30 ഓടെ പാട്യം ചെറുവാഞ്ചേരി റോഡിലാണ് അപകടം. ചെറുവാഞ്ചേരിയിൽനിന്നും കൂത്തുപറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസും യുവാക്കൾ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് തമീമിനെ രക്ഷിക്കാനായില്ല. ഈ വർഷം പ്ലസ്ടു പരീക്ഷ എഴുതിയ ഇരുവരും സർട്ടിഫിക്കറ്റ് ആവശ്യത്തിനായി പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തി തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. കതിരൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാനന്തേരി പന്ത്രണ്ടാം മൈലിലെ കുഞ്ഞബ്ദുല്ലയുടെയും സൗദത്തിന്റെയും മകനാണ് മുഹമ്മദ് തമീം. സഹോദരങ്ങൾ: സയീദ, മഹദൂം.