പത്തിരിപ്പാല: കഴിഞ്ഞദിവസം കാണാതായ യുവാവിനെ പത്തിരിപ്പാല അതിർകാട് ഞാവളിൻകടവ് ഭാരതപ്പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഴയലക്കിടി കല്ലുവെട്ടുകുഴിയിൽ അമീർ ഹംസയുടെ മകൻ അദീബ് അമീറിനെയാണ് (30) ബുധനാഴ്ച രാവിലെ നാട്ടുകാർ ഞാവളിൻകടവ് പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് യുവാവ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് മുതൽ യുവാവിനെ കാണാതായതിനാൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുതൽ ഞാവളിൻകടവിനു സമീപം അജ്ഞാത ബൈക്ക് കാണപ്പെട്ടിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ പുഴയോരത്ത് വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: ആയിഷ. സഹോദരൻ: അഷ്ഹബ് അമീർ.