ചെറുവത്തൂർ: ചീമേനി കനിയന്തോലിൽ ഇരട്ട സഹോദരങ്ങൾ (10) കല്ലുവെട്ടുകുഴിയിൽ മുങ്ങിമരിച്ചു. രാധാകൃഷ്ണൻ-പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള ഉപേക്ഷിച്ച കൽപണയിലെ വെള്ളക്കെട്ടിലാണ് കുട്ടികൾ വീണത്. കുട്ടികളെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച വൈകീട്ട് ആറോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥികളാണ്. വീട്ടിൽനിന്ന് സൈക്കിൾ ഓടിച്ച് കളിക്കാൻ പോയ കുട്ടികളെ സമയമേറെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കൽപണയിലേക്കിറങ്ങിപ്പോകുന്ന റോഡിൽ കുട്ടികളുടെ സൈക്കിൾ കണ്ടെത്തി. വെള്ളക്കെട്ടിനടുത്തുള്ള ചളിയിൽ കുട്ടികളുടെ കാൽപാടുകൾ കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ചീമേനിയിലും കനിയന്തോലിലും പൊതുദർശനത്തിന് വെച്ചു. സഹോദരി: ശ്രീഷ്മ (ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ).