ആലക്കോട്: കാർത്തികപുരത്ത് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചു. ആറുപേർക്ക് ഗുരുതര പരിക്ക്. കാർ ഓടിച്ചിരുന്ന തിരുവട്ടൂർ സ്വദേശി ബഷാർ അദനിയുടെ (ഓൺലൈൻ ടീച്ചർ) ഭാര്യ അസ്ല (21) യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. മണക്കടവിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. തളിപ്പറമ്പ് തിരുവട്ടൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മണക്കടവിലെ നീലക്കയം വെള്ളച്ചാട്ടം കാണാൻ വേണ്ടി പുറപ്പെട്ട സംഘത്തിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽപെട്ടത്. ഭർത്താവ് ബഷാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ചൊർക്കള തഖ്വ മസ്ജിദിന് സമീപം ടി.പി. മുഹമ്മദലിയുടെയും ടി.പി. ആയിഷയുടെയും മകളാണ്. മകൻ: ഒന്നര വയസ്സുള്ള മുഹമ്മദ്. സഹോദരങ്ങൾ: അഷ്കറലി (എൻജിനീയർ), അസ്അദ് അലി, അൻസീറലി, അഫ്റഹ (മൂവരും വിദ്യാർഥികൾ).