ചാവക്കാട്: കടപ്പുറം പുഴയിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം. കറുകമാട് മുല്ലപ്പുഴയിൽ ബുധനാഴ്ച രാവിലെയാണ് 65നും 70നും മധ്യേ പ്രായമുള്ളയാളുടെ മൃതദേഹം കണ്ടത്. പുഴയോടു ചേർന്ന പാലത്തിനടിയിൽ പ്ലാസ്റ്റിക് കയറുകൊണ്ട് ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്.
രാവിലെ എട്ടോടെ ഇയാളെ കണ്ടതായി പരിസരത്തെ ചായക്കടയിലെ തൊഴിലാളികൾ പറഞ്ഞു. ഇയാൾ സംഭവസ്ഥലത്തേക്ക് നടന്നുപോകുന്നതും ചുറ്റിനടക്കുന്നതായും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പൊലീസ് കണ്ടെത്തി. മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
എസ്.എച്ച്.ഒ എ. പ്രതാപ്, എസ്.ഐ സിസിൽ ക്രിസ്റ്റ്യൻരാജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടി സ്വീകരിച്ചശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.