പാനൂർ: ബൈക്കിൽ നിന്ന് വീണ് സാരമായി പരിക്കുപറ്റി ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ചെറ്റക്കണ്ടി കോയിറ്റിക്കണ്ടിയിൽ ദേവിയാണ് (62) മരിച്ചത്. കല്ലിക്കണ്ടി-നാദാപുരം റോഡിൽ താനക്കോട്ടൂരിൽ വെച്ച് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.
നിർമാണത്തൊഴിലാളിയായ ദേവി മേസ്ത്രിക്കൊപ്പം ജോലിക്ക് പോകുന്നതിനിടെ, ബൈക്കിൽ നിന്ന് തെന്നി വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സക്കിടെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം. പരേതരായ കണ്ണന്റെയും മാതയുടെയും മകളാണ്. സഹോദരങ്ങൾ: ലീല, അശോകൻ, അജിത, ഗീത.