തിരൂർ: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. തൃപ്രങ്ങോട് ആലിങ്ങൽ പരേതരായ കുണ്ടനി അബൂബക്കറിന്റെയും ഉമ്മാച്ചുവിന്റെയും മകൻ മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ കുറ്റിപ്പുറം കഴുത്തല്ലൂർ സ്കൂളിനു സമീപമായിരുന്നു അപകടം. കൂട്ടുകാരൻ കുഞ്ഞുമുഹമ്മദിനൊപ്പം ബുള്ളറ്റ് ബൈക്കിൽ കുറ്റിപ്പുറത്തുനിന്ന് തിരൂർ ഭാഗത്തേക്ക് വരുന്നതിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞുമുഹമ്മദ് (42) അപകടനില തരണംചെയ്തിട്ടുണ്ട്. അപകടം നടക്കുന്നതിന് നാലു ദിവസം മുമ്പാണ് പ്രവാസിയായ ഫൈസൽ നാട്ടിലെത്തിയത്.
ജലനിധി പദ്ധതിക്കുവേണ്ടി പൈപ്പിടാൻ റോഡ് പൊളിച്ചതിനാൽ ഈ ഭാഗത്ത് വാഹനങ്ങൾ അപകടത്തിൽപെടുന്നതായി നാട്ടുകാർ പറഞ്ഞു. ആരിഫയാണ് ഫൈസലിന്റെ ഭാര്യ. മക്കൾ: ഫഹദ്, ഐഫ.