തിരുനാവായ: വലിയ പറപ്പൂർ ജി.എൽ.പി സ്കൂളിലെ മുൻ പ്രധാനാധ്യാപകനും കവിയും സാഹിത്യകാരനുമായ നടുവട്ടം രവീന്ദ്രൻ (വയ്യാട്ടു വടക്കേതിൽ രവീന്ദ്രനാഥ പണിക്കർ -87) നിര്യാതനായി. വിവിധ ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉൾപ്പെടെ ആയിരക്കണക്കിന് ശിഷ്യഗണങ്ങൾക്ക് അക്ഷര വെളിച്ചം നൽകിയ ഇദ്ദേഹം ഒ.എൻ.വി, അക്കിത്തം, ഇടശ്ശേരി, പി. ഭാസ്കരൻ, സുരാസു, താമറ്റാട്ട് ഗോവിന്ദൻകുട്ടി തുടങ്ങിയവരുമായി ആത്മബന്ധം പുലർത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നിരവധി ലളിതഗാനങ്ങൾ ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. വൃത്തനിബദ്ധമായ കവിതകൾ രചിച്ച ഇദ്ദേഹം പ്രശസ്ത സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്ററിന്റെ ഗാനങ്ങൾ ആകാശവാണിക്കുവേണ്ടി ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. കാട്ടിലങ്ങാടി ജി.എൽ.പി സ്കൂൾ, ചേരുരാൽ സ്കൂൾ, കരുവാരകുണ്ട് ജി.എൽ.പി സ്കൂൾ, മൂക്കുതല സ്കൂൾ, നടുവട്ടം ജി.എൽ.പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് കിളിക്കൊഞ്ചലുകൾ (ബാലകവിതകൾ) പ്രഭുവിന്റെ അതിഥി (ബാലകഥകൾ), ഏകലവ്യൻ (ബാലസാഹിത്യം), പണയപ്പണ്ടം (നാടകം), സ്വപ്നത്തിൽ ഗാന്ധിജി പറഞ്ഞത് (കവിത സമാഹാരം) തുടങ്ങിയവ പ്രധാനകൃതികളാണ്.
ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: ജയശ്രീ (അക്കൗണ്ടൻറ്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്), ശ്രീലത (ബഹ്റൈൻ), ശ്രീകുമാർ (ബിസിനസ്).
മരുമക്കൾ: സതീശ് (എൽ.ഐ.സി ഏജൻറ്), വിനോദ് കുമാർ (ബഹ്റൈൻ), പ്രസീദ (ബിസിനസ്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നടുവട്ടം നാഗപ്പറമ്പിലെ വീട്ടുവളപ്പിൽ.