വടകര: സാൻഡ്ബാങ്ക്സ് അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ മലപ്പുറം ചേളാരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാളമ്പ്രാട്ടിൽ മുഹമ്മദ് ഷാഫിയുടെ (43) മൃതദേഹമാണ് പയ്യോളി മിനി ഗോവ കടലിൽനിന്ന് കണ്ടെടുത്തത്. ഞായറാഴ്ച പുലർച്ചയോടെയായിരുന്നു അപകടം. സാൻഡ്ബാങ്ക്സ് അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ വലവീശുമ്പോൾ ശക്തമായ തിരയിൽ കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവരും ചൂണ്ടയിടുന്നവരും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. കടലിൽ തൊട്ടടുത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ അടുത്തെത്തുമ്പോഴേക്കും മുങ്ങിപ്പോയിരുന്നു. തുടർന്ന് കോസ്റ്റ് ഗാർഡും മുങ്ങൽവിദഗ്ധരും നാവികസേനയുടെ ഹെലികോപ്ടറും തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: പരേതനായ ബീരാൻകുട്ടി. മാതാവ്: ആസ്യ. ഭാര്യ: ഫർസാന. മക്കൾ: സാബിത്ത്, തൽഹത്ത്. സഹോദരങ്ങൾ: നിസാർ, സിയാദ്, റൗഫ്, മൊയ്തീൻകുട്ടി, ആരിഫ, ഫൗസിയ, മുനീറ, സുഹറ.