നടുവണ്ണൂർ: വടകര എം.എൽ.എ കെ.കെ. രമയുടെ പിതാവും മുൻ സി.പി.എം നേതാവുമായ നടുവണ്ണൂരിലെ കണ്ണച്ചികണ്ടി കെ.കെ. മാധവൻ (87) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ച നാലിന് വീട്ടിലായിരുന്നു അന്ത്യം. നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം ബാലുശ്ശേരി ഏരിയ സെക്രട്ടറിയായും ജില്ല കൗൺസിൽ അംഗമായും, ദേശാഭിമാനി ഏരിയ ലേഖകനായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ദാക്ഷായണി. ആർ.എം.പി നേതാവായിരിക്കെ, കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരൻ മരുമകനാണ്. മറ്റു മക്കൾ: പ്രേമ, തങ്കം, സുരേഷ് (എൽ.ഐ.സി ഏജന്റ് പേരാമ്പ്ര). മരുമക്കൾ: ജ്യോതിബാബു കോഴിക്കോട് (എൻ.ടി.പി.സി റിട്ട.), സുധാകരൻ മൂടാടി (റിട്ട. ഖാദി ബോർഡ്), നിമിഷ ചാലിക്കര (വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട്). സഹോദരങ്ങൾ: കെ.കെ. കുഞ്ഞികൃഷ്ണൻ, കെ.കെ. ഗംഗാധരൻ (റിട്ട. ഐ.സി.ഡി.എസ്), കെ.കെ. ബാലൻ (റിട്ട. കേരള ബാങ്ക്). വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.