മുതലമട: വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. തൃശൂർ പൊന്നായിപ്പാറ വെള്ളക്കാരിതറയിലെ ശിവദാസനാണ് (57) മരിച്ചത്. മുതലമട കളിയമ്പാറ പുഞ്ചിരി മഠത്തിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ല ആശുപത്രിയിൽ. നെൽപ്പാടം പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി നടത്തിവരുകയായിരുന്നു ശിവദാസൻ. കാട്ടുപന്നികളെ പ്രതിരോധിക്കാൻ കൃഷിസ്ഥലത്തിനു ചുറ്റും സ്ഥാപിച്ച വൈദ്യുത വേലി നിർമിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലെ കനത്ത മഴയിൽ കമ്പിയിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണമാരംഭിച്ചു. ഭാര്യ: ബിന്ദു.
മക്കൾ: വിനീത, നിധിൻ, കൃഷ്ണജ, കൃഷ്ണേന്ദു. മരുമകൻ: പ്രതീഷ്.