താമരശ്ശേരി: താമരശ്ശേരി രൂപത അംഗം ഫാ. മാത്യു ഓണയാത്തൻകുഴി (92) നിര്യാതനായി. കോഴിക്കോട് ഗുഡ്ഷെപ്പേർഡ് വൈദിക വിശ്രമ മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.1932 ഒക്ടോബർ 17ന് കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം ഇടവകയിൽ ജനിച്ചു. പാലാ രൂപതയുടെ കുമ്മണ്ണൂരുള്ള മൈനർ സെമിനാരിയിലാണ് പൗരോഹിത്യ പരിശീലനം ആരംഭിച്ചത്. തുടർന്ന് ആലുവ സെൻറ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം നടത്തി.
പഴയിടം സെന്റ് മൈക്കിൾസ് ഇടവക ദൈവാലയത്തിൽവെച്ച് 1964ൽ തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്.
തലശ്ശേരി അതിരൂപതയിലെ കുളത്തുവയൽ ഇടവകയിൽ അസി. വികാരിയായി. പെരുവണ്ണാമൂഴി, പൈസക്കരി, ചെറുപുഴ, നെല്ലിക്കാംപൊയിൽ, വിമലശ്ശേരി, വെള്ളരിക്കുണ്ട്, പന്തല്ലൂർ, കാളികാവ് അടക്കാക്കുണ്ട്, ഈരുട്, തേക്കുംകുറ്റി, പശുക്കടവ്, വിളക്കാംതോട്, കാറ്റുള്ള മല, കക്കയം, കട്ടിപ്പാറ എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. 2012ലാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. പരേതരായ വർഗീസ് - ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഒ.വി. തോമസ് (പഴയിടം), പരേതരായ ഒ.ജെ. ജോസഫ് (കറിക്കാട്ടൂർ), ഫാ. സഖറിയാസ് ഓണയാത്തൻകുഴി, ദേവസ്യാച്ചൻ (പഴയിടം), ഫാ. വർഗീസ് (ചങ്ങനാശ്ശേരി രൂപത), ഏലിക്കുട്ടി കുന്നത്ത് (കൂവപ്പള്ളി).
മൃതദേഹം ചൊവ്വാഴ്ച രാവിലെ 11വരെ കോഴിക്കോട് പി.എം.ഒ.സിയിൽ പൊതുദർശനത്തിനുവെക്കും. സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 9.30ന് പഴയിടത്തുള്ള ചെറിയാൻ ഓണയാത്തൻകുഴിയുടെ ഭവനത്തിൽ ആരംഭിക്കും.
രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം സെൻറ് മൈക്കിൾസ് പള്ളിയിൽ കുർബാനയോടെയുള്ള ശുശ്രൂഷക്കുശേഷം താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയലിന്റെ മുഖ്യ കാർമികത്വത്തിൽ പഴയിടം പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.