അപകടത്തിൽപെട്ടത് മാതാവും മക്കളും സഞ്ചരിച്ച ഓട്ടോ
കരുവാരകുണ്ട്: സംസ്ഥാന പാതയിൽ ഗുഡ്സ് ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് 10 വയസ്സുകാരൻ മരിച്ചു. നാലുപേർക്ക് പരിക്ക്. കണ്ണത്ത് ചീനിപ്പാടത്ത് ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം.
ഇരിങ്ങാട്ടിരി ആലത്തൂർ കർത്താർ വടക്കേതിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാൻവർ (10) ആണ് മരിച്ചത്. ഷാൻവറിന്റെ മാതാവ് ജാസ്മിൻ (35), മക്കളായ മുഹമ്മദ് റോഷൻ (13), ഫാത്തിമ സജ (15), ഓട്ടോ ഡ്രൈവർ അരിമണൽ നമ്പ്യാർതൊടിക ഹസൈനാർ (42) എന്നിവർക്കാണ് പരിക്ക്. ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ മക്കളെയും കൂട്ടി ജാസ്മിൻ അരിമണലിലെ വീട്ടിലെത്തിയതാണ്.
വൈകീട്ട് അയൽവാസി കൂടിയായ അസൈനാരുടെ ഓട്ടോയിൽ മടങ്ങുമ്പോഴാണ് അപകടം. നവീകരിച്ച മലയോര പാതയിൽ കരുവാരകുണ്ട് ഭാഗത്തുനിന്ന് വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. തുവ്വൂർ അക്കരപ്പുറം എ.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് ഷാൻവർ.