കൊയിലാണ്ടി: ദീര്‍ഘകാലം ഇംഗ്ലീഷ് പത്രങ്ങളുടെ ഡല്‍ഹി ലേഖകനായി പ്രവര്‍ത്തിച്ച കൊല്ലം കൊട്ടാരക്കര നീലേശ്വരം നടുവത്തൂര്‍ കിഴക്കേക്കര പുത്തന്‍വീട് ശ്രീകണ്ഠന് നായര്‍ (69) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്യാതനായി. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ അഭിമുഖം നടത്തിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം കാസർകോട് കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ ദീര്‍ഘകാലം അന്തേവാസിയായിരുന്നു. പിന്നീട് 2007 മുതല്‍ 2012 വരെ കൽപറ്റയിലേയും സുല്‍ത്താന്‍ ബത്തേരിയിലേയും മലബാര്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. അടുത്തകാലം വരെ കൊയിലാണ്ടിയില്‍ പബ്ലിക് ലൈബ്രറിയില്‍ പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കായി ഇംഗ്ലീഷ് ക്ലാസുകളെടുത്തിരുന്നു. അവിവാഹിതനായ ഇദ്ദേഹം കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി കൊയിലാണ്ടി നഗരസഭ സാംസ്കാരിക നിലയത്തില്‍ കഴിയുകയായിരുന്നു. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് കൊയിലാണ്ടി നഗരസഭാധികൃതരാണ് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ മരിച്ചു. ഇദ്ദേഹത്തിന്റെ മൃതശരീരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പരേതരായ അപ്പുക്കുട്ടന് നായരുടെയും ബ്രഹ്മാക്ഷിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ഗീതാകുമാരി, പരേതനായ ശ്രീനിവാസന്, മന്മഥന്.