അഗളി: എലിപ്പനി ബാധിച്ച് ആദിവാസിയായ 17കാരൻ മരിച്ചു. അട്ടപ്പാടി ഷോളയൂർ പെട്ടിക്കൽ ഊരിലെ വെള്ളിങ്കിരിയുടെ മകൻ അനീഷാണ് മരിച്ചത്. പനിയും ശ്വാസം മുട്ടലിനെയും തുടർന്ന് അഗളി സാമൂഹിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
ഒമ്പതാം തീയതി കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷിനെ വിദഗ്ധ പരിശോധനകൾക്ക് ജില്ല ആശുപത്രിയിലേക്ക് അയച്ചു. പത്താം തീയതി മരിച്ചു. പനി മൂർച്ഛിച്ചതാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീടുള്ള പരിശോധനയിൽ എലിപ്പനി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.