വാടാനപ്പള്ളി: അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ ഏങ്ങണ്ടിയൂർ സ്വദേശി മരിച്ചു. ഏത്തായ് കിഴക്കുഭാഗം ലെനിൻ നഗറിൽ താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജുവിന്റെ മകൻ പ്രണവാണ് (22) മരിച്ചത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽനിന്ന് കൊണ്ടുവരുന്ന വഴി കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന പ്രണവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സഹയാത്രികനായിരുന്ന സുഹൃത്ത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കുടുംബസമേതം ഗൾഫിൽ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം നാട്ടിൽവന്ന് മൂന്നുദിവസം മുമ്പാണ് അബൂദബിയിൽ തിരിച്ചെത്തിയത്. അമ്മ: ശ്രീവത്സ. സഹോദരി: ശിൽപ. മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും.