കൊല്ലങ്കോട്: ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചീരണി കാളികുളമ്പ് പരേതനായ വേലായുധന്റെ മകൻ സനലാണ് (31) മരിച്ചത്. ഒപ്പം യാത്രചെയ്ത ഭാര്യ രേഖയെ (27) ഗുരുതര പരിക്കുകളോടെ ജില്ല ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വടവന്നൂർ വൈദ്യശാലക്കടുത്ത് ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. നഴ്സിങ് വിദ്യാർഥിനിയായ ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. ഇടിയുടെ ആഘാതത്തിൽ സനലും ഭാര്യയും തെറിച്ചുവീണു. ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും സനൽ മരിച്ചു. ടൈൽസ് തൊഴിലാളിയാണ് സനൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കാളികുളമ്പ് ശ്മശാനത്തിൽ സംസ്കരിച്ചു. കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: ശാന്ത. സഹോദരങ്ങൾ: സുനിൽ, ശാലിനി.