കോഴിക്കോട്: കോഴിക്കോട്: പ്രവാസി സാംസ്കാരിക പ്രവർത്തകൻ ചെറൂട്ടി നഗറിലെ ടി.കെ. ഹാരിസ് (78) നിര്യാതനായി. കുവൈത്തിൽ പ്രവാസജീവിതം നയിച്ച കാലത്ത് കല കുവൈത്ത് എന്ന പ്രവാസി സാംസ്കാരിക സംഘടനയുടെ രൂപവത്കരണത്തിൽ നിർണായക പങ്കുവഹിച്ചു. പ്രവാസികൾക്കിടയിൽ സാംസ്കാരിക പ്രസിദ്ധീകരണങ്ങൾ പ്രചരിപ്പിക്കുകയും സ്ഥിരമായി രാഷ്ട്രീയ വിശകലനം നടത്തുന്ന കോളങ്ങൾ എഴുതുകയും ചെയ്തു. കാൽ നൂറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം നയിച്ച ഹാരിസിന് പശ്ചിമേഷ്യൻ രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച് വലിയ അറിവുണ്ടായിരുന്നു. ഫലസ്തീൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ 80കളിൽ മലയാളത്തിലെ ആനുകാലികങ്ങളിൽ അദ്ദേഹമെഴുതിയ ലേഖനങ്ങൾ ഏറെ ശ്രദ്ധ നേടി. 90കളുടെ ഒടുവിൽ എം.എൻ. വിജയൻ ഉയർത്തിയ സാംസ്കാരിക വിമർശന നിലപാടുകൾക്കൊപ്പം നിലകൊണ്ടു. ആർ.എം.പി.ഐ നേതാവ് ടി.പി. ചന്ദ്രശേഖരൻ വധത്തെ തുടർന്ന് മുഖ്യധാര ഇടതുപക്ഷവുമായി ബന്ധം വിച്ഛേദിച്ചു. നിലവിൽ ജനാധിപത്യവേദി എക്സിക്യൂട്ടിവ് അംഗമാണ്. ഭാര്യ: കെ. ബീവി. മക്കൾ: ഡോ. ശബാന ഹാരിസ്, സുചിന്ത ഹാരിസ്, ഡോ. സച്ചിൻ ഹാരിസ്. മരുമക്കൾ: ഡോ. ആഷിക്ക് മൊയ്തീൻ, ഹിഷാം മൊയ്തീൻ, സഹ്ന അരീപ്പുറത്ത്.