അന്തിക്കാട്: പെരിങ്ങോട്ടുകര എം.ആർ റോഡിനു സമീപം കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാഞ്ഞാണി കനാൽപാലത്തിന് സമീപം കാളിപറമ്പിൽ ശങ്കരനാരായണന്റെ മകൻ സുരേഷ് (55) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു അപകടം. ഇരു വാഹനങ്ങളും റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം.
കാർ സ്കൂട്ടറിൽ ഇടിച്ചശേഷം റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. ഗുരുതര പരിക്കേറ്റ സുരേഷിനെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് മരിച്ചു. കാർ യാത്രക്കാരന് നിസ്സാര പരിക്കേറ്റു. അപകടത്തിൽ സ്കൂട്ടർ തകർന്നു. അന്തിക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മരിച്ച സുരേഷ് പ്രവാസിയായിരുന്നു.
ഭാര്യ: പ്രേമ. മക്കൾ: സുഷിൽ, സോനാലി. മരുമക്കൾ: അനുദർശ്, വർണ. സംസ്കാരം പിന്നീട്.