കാഞ്ഞങ്ങാട്: കായിക രംഗത്തെ മികച്ച സംഘാടകൻ അജാനൂർ തെക്കേപ്പുറത്തെ പാറക്കാട് കെ. ഹസ്സൻ മാസ്റ്റർ (84) നിര്യാതനായി. അബൂദബി നഗരത്തിലെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് മരിച്ചത്. മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ഡിസംബർ ആറിനാണ് ഹസ്സൻ മാസ്റ്റർ നാട്ടിൽ നിന്ന് അബൂദബിയിലുള്ള മക്കളുടെ അടുത്ത് എത്തിയത്. പരപ്പ കമ്മാടത്തെ കുടുംബാംഗമാണ്. അജാനൂർ മാപ്പിള സ്കൂൾ, പള്ളിക്കര ഇസ്ലാമിക് സ്കൂൾ, ചെമ്മനാട്, കാസർകോട്, തളങ്കര ഹോസ്ദുർഗ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഹോസ്ദുർഗ് സ്കൂളിൽ നിന്നാണ് വിരമിച്ചത്. മികച്ച അധ്യാപക അവാർഡ് ലഭിച്ചു. കായിക രംഗത്ത് ഒട്ടേറെ സംഭാവനകൾ ചെയ്ത അദ്ദേഹം കാഞ്ഞങ്ങാട്ടെ കായിക പ്രേമികൾക്ക് പ്രിയപ്പെട്ടവനായിരുന്നു. സ്പോർട്സ് കമന്റേറിയനുമായിരുന്നു. അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, കാഞ്ഞങ്ങാട് മുസ്ലിം യത്തീം ഖാന, ക്രസന്റ് സ്കൂൾ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമത്ത് സുഹ്റ. മക്കൾ: ശബീർ ഹസ്സൻ, ഷജീർ ഹസ്സൻ, ഡോ. ഷബ്ന ഹസ്സൻ (മൂവരും അബൂദബി), ഡോ. ഷഹിൻ (ദുബൈ). നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കും. ഖബറടക്കം കാഞ്ഞങ്ങാട് തെക്കേപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.