കൊല്ലങ്കോട്: ചെമ്മണാമ്പതിയിൽ സ്പിരിറ്റ് പിടികൂടിയ കേസിലെ പ്രതി വിഷം അകത്തുചെന്ന് മരിച്ചു. ചെമ്മണാമ്പതി അണ്ണാനഗർ മൂച്ചംകുണ്ട് ചാലിപ്പറമ്പിൽ താമസിക്കുന്ന സബീഷ് ജേക്കബാണ് (സതീഷ് ജേക്കബ്-41) മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ ചെമ്മണാമ്പതിയിലെ മാവിൻതോട്ടത്തിൽ മാങ്ങക്ക് അടിക്കുന്ന കീടനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ സതീഷിനെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെമ്മണാമ്പതി, തമിഴ്നാട് ആനമല ഭാഗങ്ങളിൽ മാവിൻതോട്ടം പാട്ടത്തിനെടുത്തും കാര്യസ്ഥനായും ജോലി ചെയ്തുവരുകയായിരുന്നു.
കഴിഞ്ഞ ദിവസം തമിഴ്നാട് ചെമ്മണാമ്പതിയിൽ മാവിൻതോട്ടത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 4950 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു. ഈ തോട്ടം പാട്ടത്തിനെടുത്ത് കൃഷി നടത്തിയത് സതീഷ് ജേക്കബ് ആയിരുന്നെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ചെമ്മണാമ്പതിയിലെ പ്രവീൺ എന്നയാളുടെ തോട്ടത്തിൽനിന്ന് 450 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തതിന് 2023 മാർച്ചിൽ കൊല്ലങ്കോട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ സതീഷ് രണ്ടാം പ്രതിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: മോളി ചാക്കോ. ഭാര്യ: ജിൽജി ചാലിപറമ്പ്. മക്കൾ: അബിൽ, ആദിൽ. സഹോദരങ്ങൾ: സന്തോഷ്, സജേഷ്.