കണ്ണൂർ: തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലെ പ്രഫസറായി വിരമിച്ച തളാപ്പ് എൽ.ഐ.സി ഓഫിസിന് സമീപം എൻ.ജി.ഒ ക്വാർട്ടേഴ്സ് റോഡിൽ ഹീലിയോസിലെ ഡോ. (പ്രഫ) ഒണ്ടെൻ സൂര്യനാരായണൻ (83) നിര്യാതനായി.
മലബാറിന്റെ സ്വാതന്ത്ര്യസമര ചരിത്രകാരനും ഗവേഷകനും ‘സ്വാതന്ത്ര്യ സമരത്തിലേക്ക് ഗാന്ധിജിയുടെ പ്രയാണം‘, ‘നേതാജി സുഭാഷ് ചന്ദ്രബോസ്’, ‘ആധുനിക ബ്രിട്ടന്റെ ചരിത്രം’ തുടങ്ങി നിരവധി കൃതികളുടെ രചയിതാവുമാണ്.
എ.കെ.ജിയുടെ ജീവചരിത്രം ആസ്പദമാക്കിയ പുസ്തകമായിരുന്നു അദ്ദേഹം അവസാനമായി എഴുതിയത്. ധർമടത്തെ പരേതനായ ഒണ്ടെൻ വാസവന്റെയും കണ്ണൂരിലെ കണ്ടോത്താൻകണ്ടി സരോജിനിയുടെയും മകനാണ്.
കണ്ണൂർ എസ്.എൻ കോളജ്, ആലുവ യു.സി കോളജ്, ഗവ. കോളജ്, കൽപറ്റ എന്നീ വിദ്യാലയങ്ങളിലെ അധ്യാപകനും, പുൽപള്ളി പഴശ്ശിരാജ കോളജിൽ ഡെപ്യൂട്ടേഷനിൽ സ്ഥാപക പ്രിൻസിപ്പലുമായിരുന്നു. വിരമിച്ചശേഷം ശ്രീശങ്കരാചാര്യ സർവകലാശാല പയ്യന്നൂർ ശാഖയിൽ അധ്യാപകനായിരുന്നു. പിന്നീട് കേരള സിവിൽ സർവിസ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചു.
തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളജ് യൂനിയൻ ജനറൽ സെക്രട്ടറി (1964 -65), കെ.എസ്.യു കണ്ണൂർ ജില്ല പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, ജില്ലയുടെ ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്റെ പ്രസിഡന്റ്, ദേശീയ ശാസ്ത്രവേദിയുടെ ജില്ല പ്രസിഡന്റ്, ലയൺസ് ക്ലബ് പ്രസിഡന്റ് (1998 -99), ജില്ല ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗാന്ധി സെന്റിനറി സ്മാരക സൊസൈറ്റിയുടെ പ്രവർത്തക സമിതി അംഗം, ഗവ. കോളജ് ടീച്ചേഴ്സ് ഫോറം മെംബർ, ബ്രണ്ണൻ കോളജ് പൂർവ വിദ്യാർഥി സംഘടനയായ ബ്രണ്ണനൈറ്റ്സ്, കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയന്റെ (കെ.എസ്.എസ്.പി.യു) സൗത്ത് ബസാർ യൂനിറ്റിന്റെ ദീർഘകാലം മെംബർ എന്നീ നിലകളിൽ സജീവമായിരുന്നു.
ഭാര്യ: അമ്പലവട്ടം മൂരിയിൽ പ്രഭാവതി. മക്കൾ: നവീൻ (കൺസൽട്ടന്റ് ബിസിനസ് ഓപറേഷൻസ്, മിഡ്കോൺ (എം.പി.ഇ.ഡി.എ കൊച്ചി), നിതിൻ (മെഡിക്കൽ റെപ്രസന്റേറ്റിവ്, റൈൻ ബയോജനിക്സ് ഗ്രാൻഡ് ഡിവിഷൻ). മരുമക്കൾ: ഷബീന നവീൻ (ട്രീറ്റ്മെന്റ് കോഓഡിനേറ്റർ ഗ്ലൈസീമിയ), മഞ്ജുഷ നിതിൻ.
സഹോദരങ്ങൾ: ജയ നാരായണൻ (റിട്ട. സീനിയർ ബാങ്ക് മാനേജർ), പ്രകാശ് നാരായണൻ (ബിസിനസ്), പ്രശാന്ത് (മെഡിക്കൽ ഫാർമ മാനേജർ), പരേതരായ സത്യനാരായണൻ, അഡ്വ. പ്രസന്ന നാരായണൻ, ഗിരിധർ.