തലശ്ശേരി: മണ്ണയാട് ചിറക്കക്കാവിന് സമീപം എൻ.പി. കുഞ്ഞിരാമൻ നായർ (86) നിര്യാതനായി. എ.വി. ചന്തു നായരുടെയും എൻ.പി. നാരായണി അമ്മയുടെയും മകനാണ്. 1992ൽ തലശ്ശേരി സബ് കോടതി ശിരസ്തദാറായി ജുഡീഷ്യൽ ഡിപ്പാർട്മെന്റിൽനിന്ന് 39 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. 1953 ജൂലൈ 17ന് 17ാം വയസ്സിൽ അന്നത്തെ മദ്രാസ് ഗവൺമെന്റിന്റെ കീഴിലായിരുന്ന പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ കോപ്പിയിസ്റ്റ് ആയി സർക്കാർ സർവിസിൽ സേവനം ആരംഭിച്ചു. പയ്യോളി, മാനന്തവാടി മുൻസിഫ് കോടതി, കൊല്ലം ജില്ലയിൽ സബ് കോടതി എന്നിവിടങ്ങളിലും തലശ്ശേരി ജുഡീഷ്യൽ ജില്ലയിലെ വിവിധ കോടതികളിലും വിവിധ കാലങ്ങളിൽ വിവിധ തസ്തികകളിൽ സേവന മനുഷ്ഠിച്ചിട്ടുണ്ട്.
സംസ്ഥാന രൂപവത്കരണത്തിനു ശേഷം മലബാർ എൻ.ജി.ഒ അസോസിയേഷനിൽ അംഗമാവുകയും പിന്നീട് സംഘടനയുടെ സെൻട്രൽ കൗൺസിൽ മെംബറാവുകയും ചെയ്തു. എൻ.ജി.ഒ യൂനിയന്റെ ആദ്യ സംസ്ഥാന കൗൺസിലിൽ മാനന്തവാടിയും കാസർകോടും ഉൾപ്പെടുന്ന പഴയ കണ്ണൂർ ജില്ലയെ പ്രതിനിധാനം ചെയ്ത രണ്ടുപേരിൽ ഒരാളായിരുന്നു.
കേരള സംസ്ഥാനത്ത് പ്രസിഡന്റ് ഭരണമായിരുന്നപ്പോൾ 1967ൽ ജീവനക്കാരുടെ 10 ദിവസത്തെ പണിമുടക്കിൽ ഏഴുദിവസം ഒളിവിൽ പോകാൻ നിർബന്ധിതനായി. മാനന്തവാടിയിൽ ജോലി ചെയ്യവേ 1971 ഡിസംബറിലെ ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിക്കുകയും ഒരാഴ്ചയോളം മാനന്തവാടിയിൽ ജയിൽവാസം അനുഷ്ഠിക്കേണ്ടിവരുകയും ചെയ്തിട്ടുണ്ട്. മക്കൾ: അഡ്വ. കെ. സൂരജ്, കെ. സുരഭി. മരുമക്കൾ: സി. മനോജ് (അബൂദബി), എൻ.കെ. സപ്ന (എൽ.ഐ.സി തലശ്ശേരി). സഹോദരങ്ങൾ: പരേതരായ എൻ.പി. നാരായണൻ നായർ, എൻ.പി. കുഞ്ഞികൃഷ്ണൻ നായർ, എൻ.പി. ലക്ഷ്മി അമ്മ, എൻ.പി. ദേവകി അമ്മ.