കാഞ്ഞങ്ങാട്: തിരമാലയിൽപെട്ട ഫൈബർ വള്ളത്തിൽനിന്ന് തെറിച്ചുവീണ മത്സ്യത്തൊഴിലാളി മരിച്ചു. ഹോസ്ദുർഗ് കടപ്പുറം ബത്തേരിക്കലിലെ കിട്ടന്റെ മകൻ മോഹനനാണ് (59) മരിച്ചത്. മത്സ്യബന്ധനത്തിനിടെ മൂന്നുദിവസം മുമ്പായിരുന്നു അപകടം. പത്ത് നോട്ടിക്കൽ മൈൽ അകലെവെച്ച് തിരമാലയിൽപെട്ട് ഉലഞ്ഞ വള്ളത്തിനകത്തേക്ക് മോഹൻ തെറിച്ചുവീഴുകയും നെഞ്ചിനുൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിച്ചു. മാതാവ്: നാരായണി. ഭാര്യ: സുമാഗ്നി. മക്കൾ: ശ്രുതി, മിഥുൻ. സഹോദരങ്ങൾ: പത്മാവതി, രത്നാകരൻ, മുല്ല, സുരേശൻ, പരേതനായ രാജൻ.