ചെറുപുഴ: ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പ്രാപ്പൊയില്‍ ടൗണില്‍ കച്ചവടം നടത്തുന്ന പനംകുന്നില്‍ ശ്രീധരനാണ് (60) ജീവനൊടുക്കിയത്. ഭാര്യ സുനിതക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടോടെയായിരുന്നു സംഭവം. പ്രാപ്പൊയില്‍ ടൗണിന്റെ മധ്യഭാഗത്ത് കച്ചവട സ്ഥാപനവും അതിനോട് ചേര്‍ന്ന് ക്വാര്ട്ടേഴ്സുമുള്ള ഇരുനില കെട്ടിടത്തിലാണ് ഇവര്‍ താമസിക്കുന്നത്. സംഭവസമയം ഇവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മക്കള്‍ ജോലി സംബന്ധമായി നാട്ടിലുണ്ടായിരുന്നില്ല. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. വെട്ടേറ്റ പരിക്കുകളോടെ പുറത്തേക്കോടിയ സുനിത സമീപവാസികളെ വിവരമറിയിക്കുകയും അവര്‍ വീട്ടിലെത്തിയപ്പോള്‍ ശ്രീധരനെ വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഇതേസമയം പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന ചെറുപുഴ പൊലീസും സ്ഥലത്തെത്തി. സുനിത പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീധരന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ശ്രീരാജ്, അർജുന് എന്നിവര്‍ മക്കളാണ്.