കളമശ്ശേരി: മിനി ലോറി ബൈക്കിലിടിച്ച് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ഏലൂർ പുതിയറോഡ് വൺ ടച്ച് ഇലക്ട്രോണിക്സ് ജീവനക്കാരായ ഇടുക്കി അടിമാലി കമ്പിളിക്കണ്ടം പാറത്തോട് പൂക്കാട്ട് വീട്ടിൽ രാജൻകുട്ടിയുടെ മകൻ രാഹുൽ രാജൻ (22), കോഴിക്കോട് പയ്യോളി മണിയൂരിൽ തൈവച്ചപറമ്പിൽ രമേശന്റെ മകൻ ആദിഷ് (21) എന്നിവരാണ് മരിച്ചത്. എ.സി മെക്കാനിക്കുകളായ ഇരുവരും ഞായറാഴ്ച രാത്രി 11 മണിയോടെ കളമശ്ശേരിയിൽനിന്ന് ഭക്ഷണം കഴിച്ച് പാതാളത്തെ താമസസ്ഥലത്തേക്ക് പോകുംവഴി ഇൻഡാൽകോ കമ്പനിക്ക് സമീപമായിരുന്നു അപകടം. എതിരെവന്ന മിനിലോറി ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബിന്ദുവാണ് രാഹുൽ രാജന്റെ മാതാവ്. സഹോദരി: ഡിഗ്രി വിദ്യാർഥിനിയായ രാധിക. ആദിഷിന്റെ മാതാവ്: ബീന. സഹോദരൻ: അനന്തു.