കോട്ടയം: നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ പൈപ്പിൽ ഇടിച്ച് യുവാവ് മരിച്ചു. പുതുപ്പള്ളി ഇരവിനല്ലൂർ പാറേൽപ്പറമ്പിൽ പി.സി ബാബുവിന്റെ മകൻ ശ്രീകുമാറാണ് (30) മരിച്ചത്. ചൊവാഴ്ച രാത്രി 7.30ഓടെ കൊല്ലാടിനും നാൽക്കവലക്കും ഇടയിൽ മലമേൽക്കാവ് ക്ഷേത്രത്തിന് സമീപം വക്കീൽപടിയിലായിരുന്നു അപകടം. നാൽക്കവലയിൽ നിന്നും കൊല്ലാട് പാറയ്ക്കൽക്കടവ് ഭാഗത്തേക്ക് പോകുകയായിരുന്നു ശ്രീകുമാർ. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പൈപ്പിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിനെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. കോട്ടയം തിരുനക്കര ടാക്സി സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു ശ്രീകുമാർ. മാതാവ്: സരസു.