ആലപ്പുഴ: ജില്ലാ ജയിലിൽ ചെക്ക് കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന തടവുപ്രതി മരിച്ചു. ആലപ്പുഴ പാലസ് വാർഡ് കണ്ടത്തിൽപറമ്പിൽ കബീറാണ് (55) ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ മരിച്ചത്. ജയിലിൽവെച്ച് സുഖമില്ലാതെ വന്ന കബീറിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടുത്ത പ്രമേഹ ബാധിതനായതിനാൽ പൊലീസ് സഹായത്തോടെ ചികിത്സ നടത്തിയിരുന്നു. മരണദിവസവും ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. തടവുകാരനായതിനാൽ നടപടിക്രമങ്ങൾ പാലിച്ച് പോസ്റ്റ്മോർട്ടം നടത്തിയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചെക്ക് കേസിൽ മൂന്നുമാസത്തേക്ക് ശിക്ഷിച്ചതോടെയാണ് ജയിലിൽ എത്തുന്നത്. അടുത്തമാസം 11ന് ശിക്ഷാ കാലാവധി തീരാനിരിക്കെയാണ് മരണം.