പെരിങ്ങോട്ടുകുറുശ്ശി: യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരിങ്ങോട്ടുകുറുശ്ശി ഒടുവങ്കാട് വലിയപറമ്പ് വീട്ടിൽ വേലായുധൻ-കാർത്യായനി ദമ്പതികളുടെ മകൾ അമൃതയെയാണ് (28) പരുത്തിപ്പുള്ളി ബമ്മണൂർ ഗവ. ഹൈസ്കൂളിന് സമീപം വാടക വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ ശനിയാഴ്ച രാവിലെ പരിസരവാസികൾ കണ്ടത്. തരൂർ സ്വദേശി പ്രകാശന്റെ ഭാര്യയായ അമൃത രണ്ടുവർഷം മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ച് പെരിങ്ങോട്ടുകുറുശ്ശി സ്വദേശിയായ മറ്റൊരു യുവാവുമൊത്ത് വാടക വീട്ടിൽ താമസിച്ചുവരുകയാണ്. അനിയ (8), അയൻ (4) എന്നിവരാണ് മക്കൾ. മക്കളെ രണ്ടുദിവസം മുമ്പ് പിതാവ് പ്രകാശൻ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതായി പറയുന്നു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ പാലക്കാട്ടുനിന്ന് ഫോറൻസിക്-വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷമേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് കോട്ടായി പൊലീസ് പറഞ്ഞു.