ചെർപ്പുളശ്ശേരി: കഥകളി ആചാര്യൻ കാറൽമണ്ണ നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) നിര്യാതനായി. ദീർഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. പേരൂർ സദനം കഥകളി അക്കാദമിയിൽനിന്ന് കഥകളിയിൽ പഠനം പൂർത്തിയാക്കി അവിടെത്തന്നെ അധ്യാപകനായി. കഥകളി അരങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്ന നാരായണൻ നമ്പൂതിരി പച്ച, കത്തി വേഷങ്ങളിൽ നിറഞ്ഞുനിന്നു.
നിരവധി ശിഷ്യസമ്പത്തുള്ള നാരായണൻ നമ്പൂതിരി നിരവധി തവണ വിദേശ രാജ്യങ്ങളിലടക്കം കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ മുൻഷി പരമ്പരയിൽ മുൻഷിയായി വേഷമിട്ടിരുന്നത് നരിപ്പറ്റ നാരായണൻ നമ്പൂതിരിയായിരുന്നു. ഭാര്യ: ആര്യദേവി അന്തർജനം കുത്തുള്ളി (റിട്ട. അധ്യാപിക, കാറൽമണ്ണ യു.പി സ്കൂൾ). മക്കൾ: രജിത, ഗിരിജ (ഇരുവരും അധ്യാപികമാർ, കാറൽമണ്ണ യു.പി സ്കൂൾ). മരുമക്കൾ: പ്രശാന്ത് ചെറുമിറ്റം, അഭിലാഷ് അഷ്ടത്ത്. സഹോദരങ്ങൾ: ശ്രീദേവി കക്കാട്, ഉമാദേവി അന്തർജനം പരിത്തിപ്ര മന, നീലകണ്ഠൻ നമ്പൂതിരി, ഗീതാറാണി മനേഴി, പരേതയായ ദേവസേന അന്തർജനം.