അങ്കമാലി: പൊലീസ് സ്റ്റേഷന് സമീപത്തെ ടൗൺ ചിറയിൽ കുളിക്കാനിറങ്ങിയ ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. അങ്കമാലി കല്ലുപാലത്ത് 15 വർഷത്തിലേറെയായി വാടകക്ക് താമസിക്കുന്ന സുനിലിനെയാണ് (45) മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 4.45നാണ് സംഭവം. നല്ല ആഴമുള്ള ചിറയാണിത്. ആഴമുള്ള ഭാഗത്തേക്ക് നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. കുളിക്കാൻ വന്ന മറ്റൊരാൾ സുനിൽ മുങ്ങുന്നതും പിന്നീട് പൊങ്ങിവരാതിരിക്കുന്നതും കണ്ടതോടെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ചിറയിൽ മുങ്ങി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞെത്തിയ സുനിൽ, വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ചിറയിൽ കുളിക്കാനിറങ്ങിയതാണത്രെ. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.