പാലാ: കടനാട് കാവുംകണ്ടത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. കണിക്കൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. കടനാട് പഞ്ചായത്തിലെ കാവുംകണ്ടത്തിനുസമീപമാണ് റോയിയും ജാൻസിയും ഏകമകനും താമസിച്ചിരുന്നത്. ജാന്‍സിയെ കിടപ്പുമുറിയില്‍ മരിച്ചനിലയിലും ഭര്‍ത്താവിനെ വീടിന് പിന്നില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ജാൻസിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം റോയി വീടിന് പിൻഭാഗത്ത് തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. 10 വയസ്സുള്ള കുട്ടി സ്കൂളില്‍ പോയ സമയത്താണ് സംഭവം നടന്നത്. സാമ്പത്തിക വിഷയത്തിൽ വീട്ടിൽ രണ്ടുപേരും തമ്മിൽ വഴക്ക് പതിവായിരുന്നു. വെള്ളിയാഴ്ചയും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായതായി അയൽവാസികൾ പറയുന്നു. ഇതിനുശേഷം ജാൻസിയെ റോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരിക്കുന്നതിനുമുമ്പ്, ഞാൻ ടൂർ പോവുകയാണെന്ന് ഒരു ബന്ധുവിനോടും മരിക്കാൻ പോവുകയാണെന്ന് മറ്റൊരു ബന്ധുവിനോടും വിളിച്ചു പറഞ്ഞിരുന്നു. ബന്ധു വിവരമറിയിച്ചതിനെത്തുടർന്ന് അയൽവാസികൾ വന്ന് നോക്കുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. തുടർന്ന്, മേലുകാവ് പൊലീസിൽ വിവരം അറിയിച്ചു. പാലാ ഡിവൈ.എസ്.പി പി.സദൻ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മകൻ: അഗസ്റ്റിൻ റോയി (കടനാട് സെന്റ് മാത്യൂസ് എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി). സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് കടനാട് സെന്റ് അഗസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.