കല്യാശ്ശേരി: രണ്ടു മാസം മുമ്പ് ധർമടത്ത് അഗ്നിരക്ഷ സേനയുടെ വാഹനവും ആംബുലൻസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കല്യാശ്ശേരിയിലെ സുധേഷ് കുമാർ എന്ന മണി (54) ഒടുവിൽ മരണത്തിന് കീഴടങ്ങി.
അടുത്ത ബന്ധുവായ ഹരിദാസന്റെ മൃതദേഹവുമായി തലശ്ശേരി ചിറക്കുനിയിലേക്ക് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോകുന്നതിനിടയിലാണ് അഗ്നി രക്ഷാ സേനയുടെ വാഹനവുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ ഏഴോം കൊട്ടില സ്വദേശി മിഥുൻ (36) തത്സമയം മരണപ്പെട്ടിരുന്നു. മൃതദേഹത്തെ അനുഗമിച്ച സുധേഷ് കുമാർ അടക്കമുള്ള മൂന്നുപേർക്കും അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു.
നിർധന കുടുംബത്തിലെ സുധേഷ് കുമാറിന്റെ പരിക്ക് അതിഗുരുതരമായിരുന്നു. തിരികെ ജീവിതത്തിൽ കൊണ്ടുവരാൻ നാടാകെ കൈകോർത്ത് ഫണ്ട് ശേഖരണം നടത്തി ഏറ്റവും വിദഗ്ധ ചികിത്സ നൽകി വരുന്നതിനിടെയാണ് മരണം. പരേതനായ ഹരിദാസന്റെയും ലീലയുടെയും മകനാണ്. ഭാര്യ: പി. ഗീത. മക്കൾ: അർജുൻ, റിയ (വിദ്യാർഥി കല്യാശ്ശേരി ഗവ. ഹൈസ്കൂൾ). സഹോദരങ്ങള്‍: ഷീല, ബാബു, മധു, സത്യൻ, സരസ (ചിറക്കൽ കോട്ടക്കുന്ന്), സിന്ധു, സന്ധ്യ, ബിന്ദു (ധർമടം).