കോട്ടക്കൽ: നിർത്തിയിട്ട ബസിന്റെ ചില്ല് വൃത്തിയാക്കുന്നതിനിടെ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു. നിലമ്പൂർ ചുങ്കത്തറ സ്വദേശി തോരൻ ഷാജഹാനാണ് (42) മരിച്ചത്. കോട്ടക്കൽ പാണക്കാട് ടൂറിസ്റ്റ് ഹോമിന് സമീപം കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.
ഇന്ധനം നിറച്ച് വരുന്നതിനിടെ ബസിന് സാങ്കേതിക തകരാർ സംഭവിച്ചതോടെ വർക് ഷോപ്പ് ജീവനക്കാരനെ കാത്തുനിൽക്കുകയായിരുന്നു ഷാജഹാൻ. ഇതിനിടെ ബസിന്റെ മുൻവശം വൃത്തിയാക്കി ഡ്രൈവർ സീറ്റിന്റെ ഭാഗത്തേക്ക് തിരിയുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ ഷാജഹാൻ ആശുപത്രിയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
ഷൗക്കത്തിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: മുഹ്സിന. മക്കൾ: ഷാഹിൽ, ഷാമിൽ, ഷൻസ ഫാത്തിമ. സഹോദരങ്ങൾ: സലീന, സുൽഫീക്കറലി. ശനിയാഴ്ച രാവിലെ കോട്ടക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.