മട്ടന്നൂർ: ക്രിക്കറ്റ് കളിക്കുമ്പോൾ പന്തെറിയുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ചെവ്വാഴ്ച നാട്ടിലെത്തിക്കും. മട്ടന്നൂർ പൊറോറ പെരിയച്ചൂരിൽ മോക്രങ്കോട് വീട്ടിൽ കരിയിൽ ഹരിയാണ് (44) മരിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ 6.45ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരും. റിയാദ് എക്സിറ്റ് 14 ലെ ഹയാത്ത് ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. രാവിലെ റിയാദ് എക്സിറ്റ് 16 സുലൈയിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാൾ ചെയ്യുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ സഹ കളിക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. 12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ ആയിരുന്നു. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ശ്യാമള.
ഭാര്യ: ഷോൾജി. മക്കൾ: ധ്യാൻദേവ്, അനൈദേവ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് കരിത്തൂർ പറമ്പ് നിദ്രാലയത്തിൽ നടക്കും. റിയാദ് കെ.എം.സി.സി ഇടപെടലിലാണ് മൃതദേഹം നാട്ടിൽ കൊണ്ടുവന്നത്.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ നിയാസ് തിരൂർക്കാട്, ജാഫർ അലി പനങ്ങാങ്ങര, ജാഫർ വിമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ അതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.