പുതുപ്പരിയാരം: ഗാനരചയിതാവും തപസ്യ പാലക്കാട് ജില്ല പ്രസിഡന്റുമായ എ.വി. വാസുദേവൻ പോറ്റി (73) നിര്യാതനായി.
19 വയസ്സു മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതിത്തുടങ്ങി. മണ്ണാറശ്ശാല നാഗസ്തുതികൾ, തത്ത്വമസി, ദേവീഗീതം എന്നീ ആൽബത്തിലെ പാട്ടുകൾ വാസുദേവൻ പോറ്റിയെ ഭക്തിഗാനങ്ങളുടെ രചനയിൽ മുൻനിരയിലെത്തിച്ചു. 44 ആൽബങ്ങളും 366 ഗാനങ്ങളും അദ്ദേഹം രചിച്ചു.
‘കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം’ ചിത്രത്തിൽ രവീന്ദ്രന്റെ സംഗീതത്തിൽ ‘എൻ ജീവനെ’ ഗാനം എഴുതിക്കൊണ്ടാണ് സിനിമയിൽ തുടക്കംകുറിച്ചത്. തുടർന്ന് കണ്ണനും ഖാദറും കണ്ണമംഗലത്ത്, ആല എന്നീ ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതി. ഭക്തിഗാന രചനയിലും സജീവമായി. റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനറായി വിരമിച്ച വാസുദേവന് പോറ്റി പാലക്കാട് കാവിൽപ്പാടാണ് താമസിച്ചിരുന്നത്.
പിതാവ്: മാവേലിക്കര അത്തിമൺ ഇല്ലത്ത് വാസുദേവൻ പോറ്റി. മാതാവ്: മണ്ണാറശ്ശാല ഇല്ലത്ത് ദേവകി അന്തർജനം. ഭാര്യ: നിർമല ദേവി. മക്കൾ: സുനിൽ വാസുദേവൻ, സുജിത് വാസുദേവൻ. മരുമക്കൾ: രഞ്ജിമ സുനിൽ, ദേവിക സുജിത്ത്. സംസ്കാരം ബുധനാഴ്ച മാവേലിക്കര അത്തിമൺ ഇല്ലത്ത്.