മഞ്ചേരി: ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ ‘ഉമാകേരള’ത്തിനുശേഷം ചരിത്രം ഇതിവൃത്തമാക്കി മലയാളത്തിന് പുതിയൊരു മഹാകാവ്യംകൂടി സമ്മാനിച്ച മഹാകവി കൈതയ്ക്കൽ ജാതവേദൻ നമ്പൂതിരിപ്പാട് (73) അന്തരിച്ചു.
കോയമ്പത്തൂരിലെ കെ.എം.സി.എച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ചേരി അരുകിഴായയിലായിരുന്നു താമസം. അധ്യാപകനും അരുകിഴായ ശിവക്ഷേത്രം ട്രസ്റ്റിയുമായിരുന്ന ഇദ്ദേഹം ഈ നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഏക മഹാകാവ്യമായ വീരകേരളവും തപസ്യ, നിലാവൊളി തുടങ്ങിയ ഗ്രന്ഥങ്ങളും മുക്തകങ്ങളും (ഒരു ശ്ലോകംകൊണ്ട് സമഗ്രമായ ഒരാശയത്തെ ആവിഷ്കരിക്കുന്നവ) രചിച്ചിട്ടുണ്ട്.
അക്ഷരശ്ലോകകലയിലെ ആചാര്യനായിരുന്നു. പുതിയ കാലത്തെ ശ്ലോകക്കളരിയായ ‘സൗപർണിക’യുടെ മാർഗനിർദേശകനായിരുന്ന ജാതവേദൻ നമ്പൂതിരിപ്പാട് ഭർതൃഹരിയുടെ ശതകത്രയം, മേൽപത്തൂരിന്റെ ശ്രീപാദസപ്തതി എന്നിവ മലയാളത്തിലേക്ക് തർജമ ചെയ്തു.
മഞ്ചേരിയിലെ പുരാതനമായ തറവാടായ കൈതയ്ക്കൽ മനയിൽ കുഞ്ഞുണ്ണി നമ്പൂതിരിപ്പാടിന്റെയും പാമ്പറമ്പത്തിമന കുടുംബാംഗമായ ദേവീ അന്തർജനത്തിന്റെയും മകനായി 1951 ആഗസ്റ്റ് 24നായിരുന്നു ജനനം.
കരിക്കാട് ഷൺമുഖവിലാസം എൽ.പി സ്കൂളിലാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്.
ദീർഘകാലം വായ്പാറപ്പടി ഗവ. എൽ.പി സ്കൂളിലായിരുന്നു സേവനം. വേട്ടേക്കോട് എൽ.പി സ്കൂളിൽനിന്നാണ് പ്രധാനാധ്യാപകനായി വിരമിച്ചത്.
ഭാര്യ: വി.എം. പത്മജ അന്തർജനം. മക്കൾ: അരുൺ (കോയമ്പത്തൂർ), കിരൺ (ജർമനി). മരുമക്കൾ: വിദ്യ, ശ്രീദേവി. സഹോദരങ്ങൾ: രമേശ്വരൻ നമ്പൂതിരിപ്പാട്, ഇന്ദിര കൃഷ്ണൻ മുണ്ടയ്ക്കാട്.